Education
കാസര്‍ഗോഡ്: കേരള കേന്ദ്രസര്‍വകലാശാലയില്‍ 2026-27 അധ്യയനവര്‍ഷത്തെ നാലു വര്‍ഷ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് രജിസ്ട്രേഷന് ആരംഭിച്ചു. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) നടത്തിയ പൊതുപ്രവേശന പരീക്ഷയില്‍ (സിയുഇടി-യുജി) പങ്കെടുത്തവര്‍ക്ക് 17 വരെ സര്‍വകലാശാല വെബ്സൈറ്റ് www.cukerala.ac.in സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാം.
ബിഎസ്സി (ഓണേഴ്സ്) ബയോളജി, ബികോം (ഓണേഴ്സ്) ഫിനാന്‍ഷ്യല്‍ അനലിറ്റിക്സ്, ബിസിഎ (ഓണേഴ്സ്), ബിഎ (ഓണേഴ്സ്) ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, ബിഎസ്സി (ഓണേഴ്സ്) ഫിസിക്സ് (സെമികണ്ടക്ടര്‍), ബിഎസ്സി (ഓണേഴ്സ്) ഡാറ്റാ സയന്‍സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ പ്രോഗ്രാമുകളാണ് സര്‍വകലാശാല നടത്തുന്നത്. ഇതില്‍ ബിഎ (ഓണേഴ്സ്) ഇന്റര്‍നാഷണല്‍ റിലേഷന്‍സ് തിരുവനന്തപുരം ക്യാപിറ്റല്‍ സെന്ററിലും മറ്റു പ്രോഗ്രാമുകള്‍ പെരിയ കാമ്പസിലുമാണ്.
ജനറല്‍, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗക്കാര്‍ക്ക് 500 രൂപയാണ് രജിസ്ട്രേഷന് ഫീസ്. 21, 22 തീയതികളിലായി പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. വിദ്യാര്‍ഥികള്‍ക്ക് admissions@cu kerala.ac.in എന്ന ഇ മെയിലില്‍ പരാതികള്‍ അറിയിക്കാം. ജൂലൈ 23ന് പരാതികള്‍ പരിഗണിച്ച് അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ആദ്യഘട്ട പ്രവേശനം 24 മുതല്‍ 26 വരെയും രണ്ടാംഘട്ടം 27നും 28നും മൂന്നാം ഘട്ടം 29 മുതല്‍ 31 വരെയും നടക്കും. 29ന് ക്ലാസുകള്‍ ആരംഭിക്കും. ഹെല്‍പ്പ് ലൈൻ: 0467 2309467.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 2026-27 അധ്യയന വർഷത്തെ തസ്തികാ നിർണയത്തിൽ തസ്തിക നഷ്ടം സംഭവിക്കുന്ന കലാ-കായികാധ്യാപകരെ നിലനിർത്തുന്നതിനായി അധ്യാപക വിദ്യാർഥി അനുപാതം പുനഃക്രമീകരിച്ച് ഉത്തരവിറക്കി.
ഇതു പ്രകാരം അധ്യാപക വിദ്യാർഥി അനുപാതം യുപി വിഭാഗത്തിൽ 1: 30 ആയിരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു
National
ന്യൂഡൽഹി: ജുഡീഷറിയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള പരാർശങ്ങളുടെ പേരിൽ വിവാദത്തിലായ എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ മാറ്റങ്ങൾ വരുത്തി എൻസിഇആർടി.
ജുഡീഷറിയെക്കുറിച്ചുള്ള വിവാദ പരാമർശങ്ങൾ നീക്കം ചെയ്ത പരിഷ്കരിച്ച പതിപ്പിൽ 1947ലെ വിഭജനത്തിൽ കോൺഗ്രസിനെ നേരത്തേ കുറ്റപ്പെടുത്തിയതിൽ മാറ്റം വരുത്തിയിട്ടുണ്ട്.
ജാതി, മതം, വംശം, വർഗം, ശാരീരികപരിമിതി, ശാരീരികരൂപം, ലൈംഗികത, ലിംഗഭേദം എന്നീ വിവേചനങ്ങൾക്കുപുറമെ സാമ്പത്തികസ്ഥിതിയുടെ പേരിൽ മോശമായി പെരുമാറുന്നതും വിവേചനമാണെന്ന് പുതുക്കിയ പതിപ്പിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.
പരിഷ്കരിച്ച പാഠപുസ്തത്തിൽ 1947ലെ വിഭജനത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസും വ്യാപകമായി എതിർത്തിരുന്നുവെന്നും അതു സ്വീകരിക്കുന്നതു മാത്രമാണോ മുന്നോട്ടുപോകാനുള്ള ഏക പോംവഴി എന്നത് ഇപ്പോഴും സംവാദവിഷയമാണെന്നുമാണ് പരാമർശമുള്ളത്. മുന്‍പുണ്ടായിരുന്ന ഹിറ്റ്ലർ പരാമർശങ്ങൾ നീക്കം ചെയ്ത പുതിയ പുസ്തകം വി.ഡി. സവർക്കറുടെ പേര് പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.
National
ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റങ്ങൾ നിർദേശിക്കുന്ന വികസിത് ഭാരത് ശിക്ഷാ അധിഷ്ഠൻ ബില്ല് സംബന്ധിച്ച സംയുക്ത പാർലമെന്ററി സമിതി റിപ്പോർട്ട് വർഷകാല സമ്മേളനത്തിൽ പാർലമെന്റിൽ സമർപ്പിച്ചേക്കും.
നിലവിലുള്ള യുജിസി, ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷൻ, നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യുക്കേഷൻ എന്നിവയ്ക്കുപകരം ഉന്നതവിദ്യാഭ്യാസ മേഖലയിലാകെ ഒരൊറ്റ നിയന്ത്രണ സംവിധാനം (സിംഗിൾ റഗുലേറ്റർ) കൊണ്ടുവരാൻ ലക്ഷ്യമിടുന്ന ബില്ല് കഴിഞ്ഞ വർഷം ഡിസംബറിലാണ് ലോക്സഭയിൽ അവതരിപ്പിച്ചത്.
എന്നാൽ പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് കൂടുതൽ പരിശോധനയ്ക്കായി ജെപിസിക്കു കൈമാറാൻ തീരുമാനിക്കുകയായിരുന്നു. ബിജെപി എംപി ദഗ്ഗുബതി പുരന്ദേശ്വരി അധ്യക്ഷയായ 31 അംഗ പാർലമെന്ററി സമിതി ഈമാസം 17ന് ചേരുന്ന യോഗത്തിൽ ഈ കരട് റിപ്പോർട്ട് അംഗീകരിക്കുമെന്നാണ് സൂചന.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരത്തെ തകർക്കുമെന്ന് പ്രതിപക്ഷം
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരത്തെ തകർക്കുന്നതും കേന്ദ്രീകരണത്തിന് വഴിതുറക്കുന്നതുമാണ് പുതിയ ബില്ലിലെ പല വ്യവസ്ഥകളുമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കഴിഞ്ഞദിവസം ചേർന്ന ജെപിസി യോഗത്തിൽ സംസ്ഥാനങ്ങളുടെ അധികാരങ്ങളിലുള്ള കടന്നുകയറ്റം, സർവകലാശാലകൾക്കു ഫണ്ട് അനുവദിക്കുന്നതിനുള്ള കൃത്യമായ മാനദണ്ഡങ്ങളുടെ അഭാവം തുടങ്ങിയ വിഷയങ്ങൾ പ്രതിപക്ഷ എംപിമാർ ഉന്നയിച്ചിരുന്നു.
നിലവിലെ സംവിധാനത്തിൽനിന്നു വിഭിന്നമായി പുതിയ കമ്മീഷന് സർവകലാശാലകൾക്കു നേരിട്ട് ഫണ്ട് അനുവദിക്കാനുള്ള അധികാരമുണ്ടായിരിക്കില്ല. ഫണ്ടിംഗ് സംബന്ധിച്ച തീരുമാനങ്ങൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കുമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്. ഇതടക്കമുള്ള വിഷയം ജെപിസിയിലെ പ്രതിപക്ഷ എംപിമാർ ഉന്നയിച്ചിരുന്നു.
കൂടാതെ രാജ്യത്തു പ്രവർത്തിക്കുന്ന വിദേശ സർവകലാശാലകളുടെ ഫീസ് ഘടനയിലെ സുതാര്യത ഉറപ്പാക്കാനും ഗുണനിലവാരം നിലനിർത്താനും പ്രത്യേക സംവിധാനം വേണമെന്നും സമിതിയിൽ ആവശ്യമുയർന്നിട്ടുണ്ട്. എന്നാൽ നിലവിലുള്ള നിരവധി സമിതികളുടെ പ്രവർത്തനങ്ങളിലെ ആവർത്തനങ്ങളും തടസങ്ങളും ഒഴിവാക്കാനാണ് പുതിയ ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്രസർക്കാർ വാദം.
NRI
ടെക്സസ്: ഹൂസ്റ്റൺ ഇൻഡസ് ലയൺസ് ക്ലബിന്റെ 2026 - 2027 ലയൺസ് വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും പുതിയ അംഗങ്ങളുടെ സ്വീകരണവും ഗംഭീരമായി നടന്നു.
ഹൂസ്റ്റണിലെ 230 ബ്ലോക്ക് റോഡിലുള്ള ക്ലബ്ഹൗസിൽ നടന്ന ചടങ്ങിൽ ക്ലബ് അംഗങ്ങൾ, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, സാമൂഹിക നേതാക്കൾ, കമ്യൂണിറ്റി പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
ലയൺസ് ക്ലബ്സ് ഇന്റർനാഷണലിന്റെ സേവന പാരമ്പര്യം ഉയർത്തിപ്പിടിച്ച് പുതിയ നേതൃത്വത്തിന് തുടക്കം കുറിച്ച ചടങ്ങ് സേവനത്തിന്റെയും കൂട്ടായ്മയുടെയും ആഘോഷമായി മാറി.
Kerala
ഇടുക്കി: തെരഞ്ഞെടുപ്പ് പരാജയത്തിൽ നേതൃത്വത്തിന് ഉത്തരവാദിത്തമുണ്ടെന്ന് സിപിഐ ഇടുക്കി ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശം. ജില്ലാ സെക്രട്ടറി കെ. സലിം കുമാറിനെതിരേ അതിരൂക്ഷ വിമർശനവും ഉയർന്നു.
മണ്ഡലത്തിൽ വിജയിക്കുന്നതിന് പകരം പണമുണ്ടാക്കുന്നതിനായിരുന്നു സലിം കുമാറിന് താത്പര്യമെന്നും ഉയർന്നുവന്ന ആരോപണങ്ങൾ ഗൗരവത്തിലെടുക്കാൻ സംസ്ഥാന നേതൃത്വം തയാറായില്ലെന്നും സിപിഐ ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനമുണ്ടായി.
സിപിഐ ജില്ലാ സെക്രട്ടറിയായി സലീം കുമാർ ചുമതലയേറ്റതിനുശേഷം നടത്തിയ ചില പ്രവർത്തനങ്ങൾ പാർട്ടിയിൽ വലിയ വിഭാഗീയതയ്ക്ക് വഴിവച്ചിരുന്നു. മുതിർന്ന നേതാക്കൾ പലരും പാർട്ടി വിടുന്നതിലേക്കോ നിർജീവമായി നിൽക്കുന്ന സാഹചര്യമടക്കം ഉണ്ടായി. ആ പശ്ചാത്തലത്തിലാണ് ജില്ലാ കമ്മിറ്റി യോഗത്തിൽ സലിം കുമാറിനെതിരേ കടുത്ത വിമർശനമുയർന്നത്.
പീരുമേട് മണ്ഡലത്തിലാണ് സലിം മത്സരിച്ചത്. എന്നാൽ, വിജയിക്കുന്നതിലായിരുന്നില്ല സലിം കുമാറിന് താത്പര്യമെന്നും പണമുണ്ടാക്കുന്നതിനായിരുന്നുവെന്നും വിമർശനമുയർന്നു.
Kerala
കൊച്ചി: എട്ടാമത് കെആർഎൽസിബിസി വനിതാ കമ്മീഷൻ വാർഷിക നേതൃസമ്മേളനം (സമന്വയ-2026) വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു.
കൊച്ചി മേയർ അഡ്വ. വി.കെ. മിനിമോൾ, അതിരൂപത ഡയറക്ടർ ഫാ. ഷൈജു, റാണി പ്രദീപ്, സിസ്റ്റർ നിരഞ്ജന, ഫാ തോമസ് തറയിൽ, ഫാ. ജിജു അറക്കത്തറ, ഷൈനി ബെന്നി, ജാക്വിലിൻ, പ്രസന്ന പുനലൂർ എന്നിവർ പ്രസംഗിച്ചു.
District News
അടൂർ: കണ്ണൂർ ഡെന്റൽ കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്ന നിധിൻ രാജ് ജാതി അധിക്ഷേപത്തിന് ഇരയായി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദളിത് കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു.
സംഭവത്തിൽ ഉത്തരവാദികളായ അധ്യാപകരെയും റാഗിംഗിൽ പങ്കെടുത്ത വിദ്യാർഥികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
സെൻട്രൽ ജംഗ്ഷനിലെ അംബേദ്കർ പ്രതിമയ്ക്ക് മുന്നിൽ നടന്ന യോഗത്തിൽ കെ.എൻ. രാജൻ, മണ്ണിൽ രാഘവൻ, ചന്ദ്രമോഹൻ അടൂർ, ഷേണായി തോമസ്, കാവടി തങ്കപ്പൻ, അംജിത് അടൂർ എന്നിവർ പ്രസംഗിച്ചു.
DCL (Deepika Children’s League)
കോട്ടയം: ദീപിക ബാലസഖ്യം മധ്യവേനൽ അവധിക്കാലത്തു സംഘടിപ്പിക്കുന്ന ജീവിതദർശന - വ്യക്തിത്വ വികസന ക്യാന്പുകളിലേക്കുള്ള രജിസ്ട്രേഷൻ തുടരുന്നു. വിവിധ ഡിസിഎൽ പ്രവിശ്യകളുടെ നേതൃത്വത്തിലാണ് ക്യാന്പുകൾ സംഘടിപ്പിക്കുന്നത്.
പേഴ്സണാലിറ്റി ഡെവലപ്പ്മെന്റ്, ഗോൾ സെറ്റിങ്ങ്, കമ്മ്യൂണിക്കേഷൻ സ്കിൽസ്, ലീഡർഷിപ്പ്, ടീം ബിൽഡിംഗ് , ടൈം മാനേജ്മെന്റ്, സ്ട്രെസ്സ് മാനേജ്മെന്റ്, ഹെൽത്തി റിലേഷൻഷിപ്പ്, പബ്ലിക് സ്പീക്കിംഗ് തുടങ്ങിയ വിഷയങ്ങളിൽ പ്രമുഖർ ക്ലാസുകൾ നയിക്കും. ഗെയിംസ്, ആക്ടിവിറ്റീസ്, ചർച്ച, ഉല്ലാസയാത്ര, കാൻഡിൽ ഡിന്നർ, ക്യാമ്പ് ഫയർ എന്നിവ ക്യാമ്പിന് മാറ്റുകൂട്ടും. ആറു മുതൽ ഒൻപതു വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് ക്യാന്പിൽ പങ്കെടുക്കാൻ അവസരമുള്ളത്.
ഓരോ ക്യാന്പിലും ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 കുട്ടികൾക്കായിരിക്കും പ്രവേശനം നൽകുക. പങ്കെടുക്കുന്ന കുട്ടികൾ മാർച്ച് 15-നു മുന്‍പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഇടുക്കി പ്രവിശ്യാ ക്യാന്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പ്രവിശ്യാ കോ-ഓർഡിനേറ്റർ എം.വി. ജോർജുകുട്ടി (ഫോൺ: 94472 05828), ക്യാന്പ് ചീഫ് ടോം കണയങ്കവയൽ (ഫോൺ, 94006 71874) എന്നിവരുടെ പക്കലും കോട്ടയം പ്രവിശ്യാ ക്യാന്പിൽപങ്കെടുക്കാൻ താത്പര്യമുള്ളവർ പ്രവിശ്യാ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേലിന്റെ (ഫോൺ: 6238219465) പക്കലും തൊടുപുഴ പ്രവിശ്യാ ക്യാന്പിൽ പങ്കെടുക്കുന്നവർ പ്രവിശ്യാ കോ-ഓർഡിനേറ്റർ റോയ് ജെ. കല്ലറങ്ങാട്ടിന്റെ (ഫോണ്‍: 94972 79347)പക്കലും പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്
District News
പെരിയ: കേന്ദ്രസര്‍വകലാശാലയിലെ ഇ. ശ്രീധരന് സെന്റര്‍ ഫോര്‍ ലൈഫ് സ്കില്‍സ് എഡ്യുക്കേഷനും പൊതുവിദ്യാഭ്യാസ വകുപ്പ് വിഎച്ച്എസ്ഇ വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിംഗ് സെല്ലും സംയുക്തമായി വിദ്യാര്‍ഥികള്‍ക്ക് ഒഡീസി ദ്വിദിന നേതൃത്വ പരിശീലന ക്യാമ്പ് നടത്തി. വൈസ് ചാന്‍സലര്‍ പ്രഫ. സിദ്ദു പി. അല്‍ഗുര്‍ ഉദ്ഘാടനം ചെയ്തു.
എഡ്യുക്കേഷന്‍ വിഭാഗം ഡീന്‍ പ്രഫ. വി.പി. ജോഷിത്ത് അധ്യക്ഷത വഹിച്ചു. ഇ. ശ്രീധരന് സെന്റര്‍ ഫോര്‍ ലൈഫ് സ്കില്‍സ് എഡ്യുക്കേഷന്‍ ഡയറക്ടര്‍ പ്രഫ. എം.എന്‍. മുസ്തഫ, പ്രഫ. അമൃത് ജി. കുമാര്‍, കെ.പി. താഹിറ, ടി.സി. നീന എന്നിവര്‍ സംസാരിച്ചു.
ഡോ. എ. ശ്രീന, ഡോ. സുബ്രഹ്മണ്യ പൈലൂര്‍, ഡോ. വി. ആദിത്യ, ഡോ. ആര്. ചന്ദ്രബോസ്, സൂര്യനാരായണന്, യു. ശ്രീജിത് എന്നിവര്‍ ക്ലാസ് നയിച്ചു. വിഎച്ച്എസ്ഇ പയ്യന്നൂര്‍ റീജണിലുള്പ്പെടുന്ന വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
NRI
ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്) 2026-27 ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ "ടീം യുണൈറ്റഡ്' പാനലിന് ചരിത്ര വിജയം. പ്രസിഡന്റ്, ട്രസ്റ്റി ബോർഡ്, എക്സിക്യൂട്ടീവ് കമ്മിറ്റി, ബോർഡ് ഓഫ് ഡയറക്ടേഴ്സ് തുടങ്ങി എല്ലാ സീറ്റുകളിലും ടീം യുണൈറ്റഡ് സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു.
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച റോയി സി. മാത്യു 1509 വോട്ടുകൾ നേടി ഉജ്വല വിജയം കരസ്ഥമാക്കി. എതിർ സ്ഥാനാർഥിയായ ചാക്കോ പി. തോമസിന് 836 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
ട്രസ്റ്റി ബോർഡ് & എക്സിക്യൂട്ടീവ് കമ്മിറ്റി ഫലങ്ങൾ: ട്രസ്റ്റി ബോർഡ്: ക്ലാരമ്മ മാത്യൂസ് (1593 വോട്ടുകൾ) വിജയിച്ചു. (എതിരാളി ജോസഫ് മത്തായി ഒലിക്കൻ - 715 വോട്ടുകൾ).
വനിതാ പ്രതിനിധികൾ: അമ്പിളി ആന്റണി (1514 വോട്ടുകൾ), അനില സന്ദീപ് (1367 വോട്ടുകൾ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. യൂത്ത് റപ്രസെന്റേറ്റീവ്: മൈക്കിൾ ജോയ് (1307 വോട്ടുകൾ) വിജയിച്ചു. (എതിരാളി ഡോ. നവീൻ പാത്തിയിൽ - 1013 വോട്ടുകൾ).
ബോർഡ് ഓഫ് ഡയറക്ടേഴ്സ്: ബോർഡ് ഓഫ് ഡയറക്ടേഴ്സിലേക്കുള്ള 11 സീറ്റുകളിലും ടീം യുണൈറ്റഡ് തൂത്തുവാരി. 1582 വോട്ടുകൾ നേടി ഷിനു എബ്രഹാം ആണ് ഏറ്റവും കൂടുതൽ വോട്ടുകൾ കരസ്ഥമാക്കിയത്.
വിജയിച്ച ബോർഡ് അംഗങ്ങളും അവർക്ക് ലഭിച്ച വോട്ടുകളും താഴെ പറയുന്നവയാണ്: ഷിനു എബ്രഹാം: 1582, ജീവൻ സൈമൺ: 1574, വിനോദ് ചെറിയാൻ: 1551, മാത്യു തോമസ് (സന്തോഷ് ആറ്റുപുറം): 1499, ഡോ. സുബിൻ ബാലകൃഷ്ണൻ: 1494, ജിൻസ് മാത്യു: 1462, സാജൻ ജോൺ: 1431, ബനീജ ചെറു: 1422, ഡെന്നീസ് മാത്യു: 1268, ബിജു ശിവൻ: 1266,സുനിൽ തങ്കപ്പൻ: 1251.
എതിർ പാനലായ ടീം ഹാർമണിയുടെ സ്ഥാനാർഥികളേക്കാൾ ബഹുദൂരം മുന്നിലെത്തിയാണ് ടീം യുണൈറ്റഡ് സ്ഥാനാർഥികൾ വിജയം ഉറപ്പിച്ചത്.
ഹൂസ്റ്റണിലെ മലയാളി സമൂഹം ടീം യുണൈറ്റഡിന്റെ വികസന നയങ്ങളെയും നേതൃത്വത്തെയും പൂർണമായി അംഗീകരിക്കുന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.